05:26am 04 September 2026
NEWS
New Opportunities, New Expectations
15/01/2025  08:14 AM IST
ജി. കൃഷ്ണൻ മാലം
New Opportunities, New Expectations

ചിലരുടെ അനുഭവങ്ങൾ സന്തോഷം നിറഞ്ഞതായിരുന്നു. ചിലർക്കാകട്ടെ, സന്താപത്തിന്റെ ദിവസങ്ങൾ. സുഖങ്ങളുടെയും ദുഃഖങ്ങളുടെയും സമ്മിശ്രമായ അനുഭവങ്ങളെ പറഞ്ഞുവിട്ട് പുതിയ പ്രതീക്ഷകളുമായി ഈ ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണം ആരംഭിക്കുന്ന വേളയിൽ മൂന്ന് കലാകാരികളെ കാണുകയും അവരുടെ വാക്കുകൾ 'മഹിളാരത്‌നം' വായനക്കാർക്കുവേണ്ടി പങ്കുവയ്ക്കുകയുമാണിവിടെ.

തൃശൂർ പാലിയേക്കര സ്വദേശിയായ ആതിര, കോട്ടയം സ്വദേശിയായ നീമാ മാത്യു, കോയമ്പത്തൂർ സ്വദേശിയായ ലതിക എന്നിവരുടെ സംഗമത്തിലൂടെ അവരുടെ വാക്കുകൾ അറിയാം. മൂവരും സിനിമാരംഗത്ത് പ്രവർത്തിക്കുന്നവരാണ്. താരതമ്യേന പുതിയ അഭിനേതാക്കൾ.

2024 ലെ അനുഭവങ്ങളെക്കുറിച്ച് ചോദിക്കുമ്പോൾ ആതിര പറഞ്ഞു.

'എന്റെ ജീവിതത്തിൽ എനിക്ക് സന്തോഷം നൽകിയ, എനിക്കൊരു വഴിത്തിരിവ് നൽകിയ വർഷമായിരുന്നു 2024. 'അയാം കാതലൻ' എന്ന സിനിമയിൽ നസ്‌ലിനൊപ്പം ഒരു ഷോട്ടിൽ അഭിനയിക്കാൻ കഴിഞ്ഞതാണ് എന്റെ മനസ്സിനെ സന്തോഷിപ്പിച്ച ഒരു പ്രധാന കാര്യം. അത് വളരെ യാദൃച്ഛികമായി സംഭവിച്ചതാണ്. എനിക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ പോകേണ്ടതായ ഒരാവശ്യം വന്നു. കൂട്ടുകാർക്കൊപ്പം അവിടെ ചെല്ലുമ്പോൾ 'അയാം കാതലൻ' എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നു. ഞാൻ ആദ്യമായിട്ടാണ് ഒരു ഷൂട്ടിംഗൊക്കെ കാണുന്നത്. കുറെ ആളുകളും മൂവി ക്യാമറയും ലൈറ്റുകളും ഒക്കെ കണ്ടപ്പോൾ എനിക്കതെല്ലാം അത്ഭുതങ്ങൾ തന്നെയായിരുന്നു. കുറെ ആർട്ടിസ്റ്റുകളും ഉണ്ട്.

ഷൂട്ടിംഗ് കണ്ടുകൊണ്ടിരിക്കുന്ന ഞങ്ങളിൽ ചിലരെയെല്ലാം ആ സിനിമയുടെ അസോസിയേറ്റ് ഡയറക്ടർ വിളിച്ച് പാസ്സിംഗ് ഷോട്ടിൽ പങ്കെടുക്കാമോയെന്ന് ചോദിച്ചു. ഒന്നും ആലോചിക്കാതെ സമ്മതം മൂളി ഞാനും ഫ്രണ്ട്‌സും കൂടി ക്യാമറയ്ക്ക് മുന്നിലേക്ക് ചെന്നു. നസ്‌ലിൻ നടക്കുമ്പോൾ ഞാൻ നസ്‌ലിന്റെ മുന്നിലൂടെ നടന്നുപോകണം. ആ ഒരു ഷോട്ടിലേക്ക് വെറുതെ കയറിനിന്നു. എന്തൊക്കെയോ കാരണങ്ങളാൽ ആദ്യഷോട്ട് ഓക്കെ ആയില്ല. റിപ്പീറ്റ് എടുത്തുകൊണ്ടിരുന്നു. വീണ്ടും വീണ്ടും നസ്‌ലിനൊപ്പം നടന്നപ്പോൾ അതൊരു രസമായി തോന്നി. അങ്ങനെ ഞാൻ ആദ്യമായി ഒരു സിനിമയിൽ 'അഭിനയിച്ചു.'(ആതിര ചിരിക്കുന്നു).

എന്നിട്ട് തുടർന്ന് പറഞ്ഞു.

'ഞാനന്ന് കോളേജിൽ പോകുകയും ഈ സിനിമയുടെ ഷൂട്ടിംഗ് അവിടെ നടക്കുകയും അത് കണ്ടുനിൽക്കുകയും ഒരു ചെറിയ ഷോട്ടിലേക്ക് എന്നെ വിളിക്കുകയും ചെയ്തില്ലായിരുന്നുവെങ്കിൽ ഞാനിപ്പോഴും എനിക്കിഷ്ടമില്ലാത്ത, റോബോട്ടിനെപ്പോലെ സ്വിച്ചിട്ടാൽ പണിയെടുക്കുന്ന ആ ജോലിയിൽ തുടരേണ്ടി വരുമായിരുന്നു. ഒരു ഹോസ്പിറ്റലിലെ ലാബിലായിരുന്നു എനിക്ക് ജോലി.. വീട്... ഹോസ്പിറ്റൽ..., വീട്.... ഹോസ്പിറ്റൽ.... എന്ന രീതിയിൽ മാത്രം കുറെ നാളായി ജോലി ചെയ്തുവന്ന എനിക്ക് മനസ്സിനെ സന്തോഷിപ്പിക്കുന്ന അനുഭവങ്ങളൊന്നുമില്ലായിരുന്നു എന്നുതന്നെ പറയാം. ഒരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞപ്പോൾ എന്തുകൊണ്ട് അത് കൂടുതൽ ട്രൈ ചെയ്തുകൂടായെന്ന് ഞാൻ ആലോചിച്ചു. അങ്ങനെയാണ് ഓഡിഷന് പോയി തുടങ്ങിയത്.

ഒരു വ്യക്തിക്ക് ജീവിതത്തിൽ ഏറ്റവും കൂടുതൽ വേണ്ടത് ഫ്രീഡമാണെന്ന് എനിക്ക് തോന്നുന്നു. ഞാൻ ആ ഫ്രീഡം അനുഭവിച്ച വർഷം 2024 ആണ്. ആ ഫ്രീഡം ഞാൻ ഫൈറ്റ് ചെയ്ത് നേടിയെടുത്തതാണ്. മൂന്നുവർഷങ്ങൾക്ക് മുൻപ് എന്റെ ജീവിതത്തിൽ ഞാൻ ഒറ്റപ്പെട്ടുപോയ ഒരവസ്ഥ തന്നെയുണ്ടായിരുന്നു. ആ സമയത്ത് ഒരുപാട് പ്രതിസന്ധികളുണ്ടായി. അത് വലിയൊരു ടാസ്‌ക് തന്നെയായിരുന്നു. ഞാൻ എങ്ങനെയൊക്കെയോ അതിനെ തരണം ചെയ്തു. ഇപ്പോഴെനിക്ക് വീട്ടുകാർ ഉൾപ്പെടെയുള്ളവരുടെ നല്ല സപ്പോർട്ടുണ്ട്.

2024 പോലെതന്നെ 2025 ഉം എനിക്ക് വളരെ ഇംപോർട്ടന്റ് ആയിരിക്കുമെന്നാണ് എന്റെ വിശ്വാസം.

നീമാ മാത്യുവും 2024 ലാണ് സിനിമയിലേക്കെത്തിയത്. 'ഗുമസ്തൻ' എന്ന സിനിമയിൽ ബിബിൻ ജോർജിന്റെ നായികയായിരുന്നു നീമ.

'2025 എനിക്കും വലിയ പ്രതീക്ഷകൾ തന്നെ നൽകുന്നുണ്ട്. പുതിയ പുതിയ സിനിമകൾ വന്നുചേരുമെന്ന് പ്രതീക്ഷിക്കുന്നു. ചെറുപ്പം മുതലെ സിനിമ താൽപ്പര്യമായിരുന്നു. പുതിയ സിനിമകളിലൂടെ എനിക്ക് എന്റെ കഴിവുകൾ പ്രകടമാക്കാൻ കഴിയണം. അഭിനയമെന്നപോലെ നൃത്തത്തിലും ഞാൻ പ്രാവീണ്യം നേടിയിട്ടുണ്ട്. കലയിൽ നൃത്തമാണ് എന്റെ ബേസ്. നല്ല ചാൻസ് വന്നുകഴിഞ്ഞാൽ ഞാൻ കോൺഫിഡൻസോടുകൂടി അഭിനയിക്കും.' നീമാ മാത്യു പറഞ്ഞു.

അഭിനയത്തിന് തുടക്കം കുറിച്ച സാഹചര്യങ്ങൾ എങ്ങനെയായിരുന്നു...?

എന്റെ പ്രൊഫഷൺ എന്നുപറയുന്നത് സ്പീച്ച് തെറാപ്പിസ്റ്റ് ആന്റ് ഓഡിയോളജിസ്റ്റാണ്. കോവിഡ് കാലത്താണ് ആ രംഗത്തുനിന്നെല്ലാം ഞാൻ മാറിയത്. ആ വേളയിലാണ് ഞാൻ ടിക് ടോക്കും ഇൻസ്റ്റഗ്രാമുമായി ഒക്കെ ബന്ധപ്പെട്ടുവന്നത്. അതിന്റെ റീച്ച് എനിക്ക് ഭയങ്കര ഹൈയായി വന്നിട്ടുണ്ടായിരുന്നു. ഒരു വീഡിയോയ്ക്കുതന്നെ ട്വൊൽവ് മില്യൺ റീച്ച് ഒറ്റദിവസം കൊണ്ടുവന്നിട്ടുണ്ടായിരുന്നു. ഇൻസ്റ്റയിൽ ഒരു ഒഫീഷ്യൽ പേജ് തുടങ്ങിയതും അങ്ങനെയാണ്. ഞാൻ ഡാൻസിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടള്ളതിനാൽ ഡാൻസിന്റെ വീഡിയോ ചെയ്തിരുന്നു. പിന്നെ, ആക്ടിംഗ് വീഡിയോയും ചെയ്തിട്ടുണ്ട്. ആളുകൾ കൂടുതൽ അക്‌സപ്റ്റ് ചെയ്തത് ആക്ടിംഗിന്റെ വീഡിയോ ആണ്. അങ്ങനെ എനിക്ക് സോഷ്യൽ മീഡിയായിൽ നിന്നും നല്ലൊരു സപ്പോർട്ട് കിട്ടിയതുകൊണ്ടാണ് എനിക്ക് കോൺഫിഡൻസ് കിട്ടിയത്. അഭിനയവുമായി മുന്നോട്ടുപോകാമെന്നൊരു ചിന്ത കൈവന്നതും അങ്ങനെയാണ്.

അതുകഴിഞ്ഞ് കുറെ ആൽബങ്ങളിലും രണ്ട് വെബ് സീരീസിലും അഭിനയിച്ചു. വെബ് സീരീസിലെ അഭിനയം കണ്ടിട്ടാണ് എനിക്ക് സിനിമയിലേക്ക് ക്ഷണം കിട്ടിയത്.

2024 ൽ ആദ്യസിനിമയായ 'ഗുമസ്തൻ' റിലീസായി..., അതിന്റെ സന്തോഷവും ഏറെയുണ്ടല്ലെ... ?

അതെ. തീർച്ചയായും. അതുകൊണ്ടുതന്നെ 2024 എന്ന വർഷം എനിക്ക് മറക്കാൻ കഴിയില്ല. സിനിമയിലാണെങ്കിലും ജീവിതത്തിലാണെങ്കിലും സിനിമ ആയിരിക്കും ഇനി എന്റെ പ്രൊഫഷൺ. പുതിയ ഓപ്പർച്യൂണിറ്റീസ് ഈ പുതിയ വർഷത്തിൽ എനിക്ക് കിട്ടിക്കഴിഞ്ഞാൽ എന്റെ ജീവിതവും ഇനി സിനിമ തന്നെയായിരിക്കും. 2025 ലെ എന്റെ പ്രതീക്ഷകളും ഇതുതന്നെ.

ശശിധരൻ സാർ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിൽ എനിക്കും ത്രൂഔട്ട് വേഷമാണ്. അത് നാല് ലാംഗ്വേജിൽ പോകുന്ന ഒരു പാൻ ഇന്ത്യൻ സിനിമയാണ്.

പിന്നെ, മറ്റൊന്ന് തമിഴ് ഡയറക്ടർ വീര സംവിധാനം ചെയ്യുന്ന സിനിമ. അതിൽ സെക്കൻഡ് ലീഡാണ്. അത് ഈ ജനുവരിയിൽ തന്നെ ഷൂട്ടിംഗ് തുടങ്ങും. വേറെ രണ്ട് പ്രമുഖ സംവിധായകരുടെ സിനിമകളുടെ ഡിസ്‌കഷൻ നടന്നുകൊണ്ടിരിക്കുന്നു.

- നീമാ മാത്യുവിന്റെ വാക്കുകൾ.

2024 എനിക്ക് ഭാഗ്യം തന്ന വർഷമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു തമിഴ്‌നടി ലതിക സംസാരം ആരംഭിച്ചത്. മ്യൂസിക് ആൽബം, ഷോർട്ട് ഫിലിം, ആഡ് ഫിലിം ഒക്കെ ചെയ്തിട്ടുള്ള ലതികയുടെ ലക്ഷ്യം സിനിമ തന്നെയായിരുന്നു. കോളേജ് പഠനത്തിനിടയിൽ സിനിമയും ആഡ് ഫിലിമും ഒക്കെ ചെയ്യാൻ ബുദ്ധിമുട്ടായതുകൊണ്ടുതന്നെ ലതിക നല്ലൊരു സിനിമയ്ക്കുവേണ്ടി വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു.

കോളേജ് പഠനം പൂർത്തിയായതും കറക്ട് സമയത്തുതന്നെ സിനിമയിലേക്കുള്ള അവസരം തേടിവരികയായിരുന്നു. നല്ലൊരു ഡയറക്ടറുടെ നല്ല ബാനറിലുള്ള നല്ല ഒരു പ്രോജക്ടിൽ അഭിനയിക്കണമെന്ന് ആഗ്രഹിച്ചു. അതും ആഗ്രഹം പോലെ നടന്നുവെന്ന് ലതിക പറഞ്ഞു.

വെണ്ണിലാ കബഡിക്കൂട്ടം, ഈശ്വരൻ.. തുടങ്ങി കുറെയധികം സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള സുശീന്ദ്രനാണ് ലതിക ആദ്യമായി അഭിനയിച്ച '2ഗ  ലൗ സ്റ്റോറി' എന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. രണ്ട് നായികമാരിൽ ഒരാളാണ് ലതിക. പവിത്ര എന്നാണ് ലതിക അഭിനയച്ചിരിക്കുന്ന കഥാപാത്രത്തിന്റെ പേര്. വളരെ സ്വീറ്റ് ഗേളാണ്. ഈ സിനിമയുടെ ഷൂട്ടിംഗും റിലീസും എല്ലാം 2024 ൽ സംഭവിച്ചു. അതുകൊണ്ടുതന്നെ കഴിഞ്ഞവർഷത്തിനോട് എനിക്ക് പ്രത്യേകമായി ഒരു ലൗ ഉണ്ടെന്ന് ലതിക കൂട്ടിച്ചേർത്തു.

2025 തനിക്കും അഭിനയജീവിതത്തിൽ ഒരു ടേണിംഗ് പോയിന്റ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാരണം മലയാളത്തിൽ നിന്നും തമിഴിൽ നിന്നും തെലുങ്കിൽ നിന്നുമെല്ലാം പുതിയ സിനിമകളുടെ സ്‌ക്രിപ്റ്റ് വന്നിരുന്നു. എല്ലാം ഡിസ്‌ക്കഷനിലാണ്. ഒന്നും കമ്മിിറ്റ് ചെയ്തിട്ടില്ല. 2025 ൽ പുതിയ സിനിമകൾ ചെയ്യും. എല്ലാം കടവുൾ തീരുമാനിക്കട്ടെ. ഈശ്വരനിശ്ചയം പോലെ നടക്കട്ടെ. നല്ല ഫലങ്ങൾ ഈ പുതിയ വർഷത്തിൽ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.

- ലതിക പറയുകയുണ്ടായി.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.